വേദനയിൽ പുളയുന്ന ഗസ്സ; മരുന്നുകളില്ല, അനസ്തേഷ്യയില്ലാതെ ശസ്ത്രക്രിയ; ഹൃദയഭേദകമായ കാഴ്ചകൾ
ഗസ്സ സിറ്റി: ഗസ്സയിലെ നാസർ ആശുപത്രിയിലെ കട്ടിലിൽ, വെടിയുണ്ട തുളച്ചുകയറിയ ഇടത് കാലുമായി മഹ്മൂദ്* എന്ന ബാലൻ വേദനകൊണ്ട് പുളയുകയാണ്. അവന്റെ കാൽമുട്ട് തകർന്നിരിക്കുന്നു, മുറിവിൽ അണുബാധയുമുണ്ട്. കഠിനമായ വേദനയകറ്റാൻ ഒരു വേദനസംഹാരി നൽകാൻ പോലും ഡോക്ടർമാരുടെ കയ്യിലൊന്നുമില്ല. ഒടുവിൽ, ആ ഭാഗത്തെ ഞരമ്പുകൾ മരവിപ്പിച്ച് താൽക്കാലികമായി വേദനയില്ലാതാക്കുന്നു. ആശ്വാസത്തിൽ അവൻ അൽപ്പനേരം മയങ്ങുന്നു. പക്ഷേ, മരവിപ്പ് മാറുമ്പോൾ, ആ പഴയ വേദന ഇരട്ടിയായി തിരിച്ചുവരുന്നു.
ഇത് മഹ്മൂദിന്റെ മാത്രം അനുഭവമല്ല. 2023 ഒക്ടോബർ 7-ന് ശേഷം 1,67,000-ൽ അധികം പലസ്തീനികൾക്കാണ് ഗസ്സയിൽ പരിക്കേറ്റതെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം പറയുന്നു. പൊള്ളലേറ്റും ബോംബ് സ്ഫോടനങ്ങളിലും കൈകാലുകൾ നഷ്ടപ്പെട്ടും എല്ലുകൾ തകർന്നും ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണം താങ്ങാവുന്നതിലും അപ്പുറമാണ്. എന്നാൽ, മരുന്നുകളുടെ കടുത്ത ക്ഷാമം കാരണം നിസ്സഹായരായി നോക്കിനിൽക്കാനേ ഡോക്ടർമാർക്ക് കഴിയുന്നുള്ളൂ.
തടയപ്പെടുന്ന സഹായം, തകരുന്ന സംവിധാനം
ദ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസം (TBIJ) നടത്തിയ വിശകലനം അനുസരിച്ച്, 2024 ജനുവരിക്ക് ശേഷം ലോകാരോഗ്യ സംഘടന (WHO) ഗസ്സയിലേക്ക് നടത്തിയ പകുതിയിലധികം വൈദ്യസഹായ ദൗത്യങ്ങളും ഇസ്രായേൽ തടയുകയോ, വൈകിപ്പിക്കുകയോ, റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്. മരുന്നുകളും ഇന്ധനവും എത്തിക്കുന്നതും, രോഗികളെ ഒഴിപ്പിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.
ഇതിനിടെ, ഇസ്രായേൽ സേന മരുന്ന് സംഭരണ ശാലകളും ആശുപത്രികളും ബോംബിട്ട് തകർത്തു. അന്താരാഷ്ട്ര തലത്തിൽ നിന്നുള്ള വൈദ്യസഹായ വാഹനങ്ങൾ അതിർത്തിയിൽ തടയപ്പെടുകയോ ആഴ്ചകളോളം വൈകുകയോ ചെയ്യുന്നത് പതിവാണ്.
ഓപ്പിയോയിഡുകൾ, അനസ്തേഷ്യ മരുന്നുകൾ, എന്തിന് സാധാരണ പാരസെറ്റമോൾ പോലും ലഭ്യമല്ലാത്ത ഭീകരാവസ്ഥയെക്കുറിച്ച് ഗസ്സയിലെ എട്ട് ഡോക്ടർമാർ TBIJ-യോട് സംസാരിച്ചു.
“പരിക്കേറ്റവരിൽ ഭൂരിഭാഗത്തിനും കൈകാലുകൾ നഷ്ടപ്പെട്ടവരോ എല്ലുകൾ പൊട്ടി പുറത്തുവന്നവരോ ആണ്. ഇതിന് 24 മണിക്കൂറും വേദനസംഹാരികൾ ആവശ്യമാണ്. എന്നാൽ ഞങ്ങൾക്കിപ്പോൾ അവരോട് പറയാൻ കഴിയുന്നത് ഇതാണ്: ദിവസം ഒരു കുത്തിവെപ്പ് മാത്രം… അത് രാത്രിയിൽ ഉപയോഗിക്കൂ, എങ്കിൽ അൽപ്പമെങ്കിലും ഉറങ്ങാമല്ലോ,” ഓർത്തോപീഡിക് ഡോക്ടറായ അബ്ദുൾകരീം അൽസൽഖാവി പറയുന്നു.
വേദന കടിച്ചമർത്തുന്ന രോഗികൾ
ഇസ്രായേൽ സർക്കാർ പറയുന്നത്, മുൻകൂട്ടി അറിയിച്ചാൽ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും പ്രവേശിപ്പിക്കാൻ അനുവദിക്കുന്നുണ്ടെന്നും, കഴിഞ്ഞ ആഴ്ചകളിൽ മാത്രം 3,500 ടണ്ണിലധികം മെഡിക്കൽ ഉപകരണങ്ങൾ കൈമാറിയെന്നുമാണ്. എന്നാൽ, ഇത് യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നില്ലെന്ന് ദുരിതാശ്വാസ ഏജൻസികളും ഡോക്ടർമാരും തറപ്പിച്ചുപറയുന്നു.
വേദന കുറയ്ക്കാൻ ഉപയോഗിക്കുന്ന ഓപ്പിയോയിഡുകൾക്ക് കടുത്ത നിയന്ത്രണമാണ്. രോഗികൾക്ക് ഒരു ദിവസം ഒരു കുത്തിവെപ്പിലേക്ക് ചുരുക്കേണ്ടി വരുന്നു, ബാക്കി മണിക്കൂറുകളോളം അവർ വേദന സഹിക്കണം. ഓപ്പറേഷൻ തിയേറ്ററുകളിൽ, ഒരു രോഗിക്ക് ഒരു വയൽ എന്ന രീതിയിൽ ഉപയോഗിക്കേണ്ട മോർഫിൻ പോലുള്ള മരുന്നുകൾ, ലഭ്യമല്ലാത്തതിനാൽ പല രോഗികൾക്കായി ഒരു വയലിൽ നിന്ന് പങ്കുവെക്കേണ്ടി വരുന്നു. ഇത് അണുബാധയ്ക്ക് കാരണമാകുമെന്ന അപകടവുമുണ്ട്.
പലപ്പോഴും, ഡോക്ടർമാർക്ക് ആശ്രയിക്കേണ്ടി വരുന്നത് ‘യുദ്ധക്കളത്തിലെ മരുന്ന്’ എന്ന് വിളിക്കപ്പെടുന്ന കീറ്റമിൻ (ketamine) എന്ന അനസ്തെറ്റിക് മരുന്നിനെയാണ്. ഇതിന് മതിഭ്രമം പോലുള്ള പാർശ്വഫലങ്ങളുണ്ട്.
“കൈകാലുകൾ നഷ്ടപ്പെട്ട ഒരാൾ വന്നാൽ, അവർക്ക് കീറ്റമിന്റെ ഒരു ഡോസ് നൽകും. അതിന്റെ ഫലം 45 മിനിറ്റ് നേരത്തേക്ക് ഉണ്ടാകും. പക്ഷേ അതിനുശേഷം രോഗി ഭയാനകമായ അവസ്ഥയിലാകാം,” ഗസ്സയിൽ സേവനത്തിനെത്തിയ യുഎസ് ഡോക്ടർ ട്രാവിസ് മെലിൻ പറയുന്നു. “ഗുരുതരമല്ലാത്ത പരിക്കുകളാണെങ്കിൽ, അവർക്ക് പലപ്പോഴും ഒരു മരുന്നും ലഭിക്കാറില്ല. ഒരു സാധാരണ വെടിയുണ്ട ഏറ്റാൽ പോലും, മിക്കവരും ആ വേദന കടിച്ചമർത്തുകയാണ്.”
അന്താരാഷ്ട്ര നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തി, വൈദ്യസഹായം പോലും ഒരു യുദ്ധതന്ത്രമായി ഉപയോഗിക്കപ്പെടുമ്പോൾ, ഗസ്സയിലെ സാധാരണ ജനത വേദനയില്ലാതെ ഒന്നുറങ്ങാൻ പോലും കഴിയാതെ നരകയാതന അനുഭവിക്കുകയാണ്.