Kubota Unveils World's First Autonomous Hydrogen Fuel Cell Tractor at Expo 2025
കൃഷിയിൽ പുതിയ വിപ്ലവം; ഡ്രൈവറില്ലാതെ ഓടുന്ന ലോകത്തിലെ ആദ്യ ഹൈഡ്രജൻ ട്രാക്ടറുമായി ജപ്പാൻ
ജപ്പാനിലെ ഒസാക്കയിൽ നടക്കുന്ന വേൾഡ് എക്സ്പോ 2025-ൽ പുതിയൊരു അത്ഭുതം പിറന്നിരിക്കുന്നു. ലോകത്തിലെ ആദ്യത്തെ ഹൈഡ്രജൻ ഫ്യുവൽ സെൽ ട്രാക്ടർ അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ നിർമ്മാതാക്കളായ കുബോട്ട (Kubota). സ്വയം ഓടിക്കാൻ (സെൽഫ്-ഡ്രൈവിംഗ്) കഴിവുള്ള ഈ ട്രാക്ടർ കാർഷിക രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.
പുകയില്ല, ആളുമില്ല
100 കുതിരശക്തിയുള്ള ഈ ട്രാക്ടർ പ്രവർത്തിക്കുന്നത് ഫ്യുവൽ സെൽ സാങ്കേതികവിദ്യ ഉപയോഗിച്ചാണ്. ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്നതിനാൽ കാർബൺ ബഹിർഗമനം പൂർണ്ണമായും ഇല്ലാതാക്കുന്നു. അതായത്, പരിസ്ഥിതിക്ക് ഒരു ദോഷവും വരുത്താത്ത ഈ ട്രാക്ടർ പുറന്തള്ളുന്നത് ശുദ്ധജലം മാത്രമാണ്.
ഈ ട്രാക്ടറിന് ഡ്രൈവർക്ക് ഇരിക്കാൻ സീറ്റില്ല എന്നതാണ് മറ്റൊരു പ്രധാന സവിശേഷത. പകരം, റിമോട്ട് കൺട്രോൾ ഉപയോഗിച്ച് ദൂരെയിരുന്ന് ഇതിനെ നിയന്ത്രിക്കാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ (AI) പ്രവർത്തിക്കുന്ന ക്യാമറകൾ ട്രാക്ടറിന് ചുറ്റുമുണ്ട്. പാടത്ത് മനുഷ്യരെയോ മറ്റ് തടസ്സങ്ങളെയോ കണ്ടാൽ ഇത് തനിയെ പ്രവർത്തനം നിർത്തും.
വേഗത്തിൽ ഇന്ധനം, കൂടുതൽ നേരം ജോലി
ഒറ്റത്തവണ ഹൈഡ്രജൻ ഇന്ധനം നിറച്ചാൽ പകുതി ദിവസം വരെ നിർത്താതെ പ്രവർത്തിക്കാൻ ഈ ട്രാക്ടറിന് സാധിക്കും. ഇന്ധനം നിറയ്ക്കാൻ വളരെ കുറഞ്ഞ സമയം മതിയെന്നതും ഇതിനെ കൂടുതൽ കാര്യക്ഷമമാക്കുന്നു.
ജപ്പാനിലെ കാർഷിക മേഖല ഇന്ന് തൊഴിലാളി ക്ഷാമവും പ്രായമായ കർഷകരുടെ എണ്ണക്കൂടുതലും കാരണം വലിയ പ്രതിസന്ധി നേരിടുകയാണ്. ഈ സാഹചര്യത്തിൽ, ഡ്രൈവറില്ലാതെ പ്രവർത്തിക്കുന്ന പരിസ്ഥിതി സൗഹൃദ ട്രാക്ടറുകൾ കാർഷിക രംഗത്ത് വലിയൊരു മുതൽക്കൂത്താകുമെന്നാണ് കുബോട്ടയുടെ പ്രതീക്ഷ.