'Operation Sindoor': IAF Chief Reveals India Destroyed 5 Pak Jets, Struck 300km Deep
വെബ് ഡെസ്ക്
ന്യൂഡൽഹി: ‘ഓപ്പറേഷൻ സിന്ദൂർ’ ദൗത്യത്തിൽ പാകിസ്ഥാൻ്റെ അഞ്ച് യുദ്ധവിമാനങ്ങൾ ഇന്ത്യൻ സൈന്യം തകർത്തതായി വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അമർപ്രീത് സിങ്. തകർത്തവയിൽ അമേരിക്കൻ നിർമ്മിത എഫ്-16 വിമാനവും ഉൾപ്പെടുന്നു. ഈ വർഷം ഇന്ത്യൻ സൈന്യം നടത്തിയ ഏറ്റവും നിർണായകമായ സൈനിക നീക്കമാണ് ഓപ്പറേഷൻ സിന്ദൂർ എന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ കരുത്ത് ലോകത്തിന് മുന്നിൽ വ്യക്തമാക്കാൻ ഈ ദൗത്യത്തിന് സാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാർഷിക വ്യോമസേനാ ദിനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലാണ് വ്യോമസേനാ മേധാവി ഓപ്പറേഷൻ സിന്ദൂരിന്റെ നിർണായക വിവരങ്ങൾ പുറത്തുവിട്ടത്. ഇന്ത്യയുടെ വിദൂര ഭൂതല-വ്യോമ മിസൈലുകൾ (Long-range Surface-to-Air Missiles – SAM) ഈ സംഘർഷത്തിൽ നിർണായകമായി. ഈ മിസൈലുകളുടെ പിൻബലത്തിലാണ് പാക് ഭൂപ്രദേശത്ത് 300 കിലോമീറ്റർ വരെ ഉള്ളിൽക്കയറി ആക്രമണം നടത്താൻ ഇന്ത്യയ്ക്ക് സാധിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
“പാകിസ്ഥാന്റെ എഫ്-16, ജെഎഫ്-17 വിഭാഗത്തിലുള്ള അഞ്ച് യുദ്ധവിമാനങ്ങൾ ഞങ്ങൾ നശിപ്പിച്ചു. ഇന്ത്യയുടെ ആക്രമണത്തിൽ പാകിസ്ഥാന്റെ നിരവധി റാഡാറുകൾ, കമാൻഡ് ആൻഡ് കൺട്രോൾ സെൻ്ററുകൾ, റൺവേകൾ, ഹാംഗറുകൾ എന്നിവയും തകർക്കപ്പെട്ടു,” അമർപ്രീത് സിങ് പറഞ്ഞു.
കൃത്യമായ ലക്ഷ്യബോധത്തോടെയും ആസൂത്രണത്തോടെയുമാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിന് ഇറങ്ങിയതെന്നും പദ്ധതി അതിവേഗം നടപ്പിലാക്കിയെന്നും അദ്ദേഹം അറിയിച്ചു. “ഞങ്ങൾക്ക് കൃത്യമായി ലക്ഷ്യം ഭേദിക്കാൻ കഴിഞ്ഞു. ഓപ്പറേഷൻ സിന്ദൂരിന്റെ ഒരൊറ്റ രാത്രി കൊണ്ട് അവരെ ദുർബലരാക്കാൻ നമുക്ക് സാധിച്ചു. ഇന്ത്യൻ ഭാഗത്ത് ആൾനാശം വളരെ കുറവായിരുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ദൗത്യം കര, നാവിക, വ്യോമ സേനകൾ തമ്മിലുള്ള മികച്ച ഏകോപനത്തിന്റെ തെളിവാണെന്നും വ്യോമസേനാ മേധാവി അവകാശപ്പെട്ടു.