RBI's New Rule: Cheque Clearing in Hours, Not Days, Starting October 4
വെബ് ഡെസ്ക്
ന്യൂഡൽഹി: ബാങ്കിംഗ് രംഗത്ത് സാങ്കേതികവിദ്യ വിപ്ലവം സൃഷ്ടിച്ചെങ്കിലും, ചെക്ക് ഇടപാടുകളിലെ കാലതാമസം ഉപഭോക്താക്കൾക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. ഒരു ചെക്ക് മാറി പണം അക്കൗണ്ടിലെത്താൻ നിലവിൽ രണ്ടു ദിവസമെങ്കിലും കാത്തിരിക്കണം. എന്നാൽ ആ കാത്തിരിപ്പിന് അവസാനമാകുന്നു. ഒക്ടോബർ 4 മുതൽ മണിക്കൂറുകൾക്കുള്ളിൽ ചെക്കുകൾ ക്ലിയർ ചെയ്യുന്ന പുതിയ സംവിധാനം നിലവിൽ വരും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) നിർദേശപ്രകാരം ബാങ്കുകൾ ശനിയാഴ്ച മുതൽ ഈ മാറ്റം നടപ്പിലാക്കും.
എന്താണ് പുതിയ സംവിധാനം?
ചെക്കുകൾ ക്ലിയർ ചെയ്യാനെടുക്കുന്ന സമയം കുറയ്ക്കുന്നതിനായി ആർബിഐ “കണ്ടിന്യൂസ് ക്ലിയറിംഗ് സിസ്റ്റം” (Continuous Clearing System) എന്ന പുതിയ സംവിധാനമാണ് അവതരിപ്പിക്കുന്നത്. ഈ സംവിധാനത്തിന് കീഴിൽ, പ്രവൃത്തി സമയങ്ങളിൽ ചെക്കുകൾ തുടർച്ചയായി സ്കാൻ ചെയ്യുകയും ക്ലിയറിംഗിനായി അയയ്ക്കുകയും ചെയ്യും.
ഒന്നാം ഘട്ടം ഇങ്ങനെ:
പുതിയ സംവിധാനം രണ്ട് ഘട്ടങ്ങളിലായാണ് നടപ്പിലാക്കുന്നത്. ഒക്ടോബർ 4-ന് ആരംഭിക്കുന്ന ഒന്നാം ഘട്ടത്തിൽ, ഉപഭോക്താക്കൾക്ക് രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ ചെക്കുകൾ സമർപ്പിക്കാം. ഇങ്ങനെ സമർപ്പിക്കുന്ന ചെക്കുകൾ അന്നുതന്നെ വൈകുന്നേരം 7 മണിക്കുള്ളിൽ ക്ലിയർ ആകും. അതായത്, രാവിലെ നിക്ഷേപിക്കുന്ന ചെക്കിലെ പണം അന്നു വൈകുന്നേരത്തോടെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ ലഭ്യമാകും. ചെക്ക് അംഗീകരിക്കുകയോ നിരസിക്കുകയോ എന്തുതന്നെയായാലും വൈകുന്നേരം ഏഴ് മണിക്കുള്ളിൽ നടപടി പൂർത്തിയാക്കണമെന്ന് ആർബിഐ ബാങ്കുകൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
രണ്ടാം ഘട്ടത്തിൽ മൂന്ന് മണിക്കൂർ മതി
2026 ജനുവരി 3 മുതൽ രണ്ടാം ഘട്ടം ആരംഭിക്കും. ഇത് ഇടപാടുകൾ കൂടുതൽ വേഗത്തിലാക്കും. രണ്ടാം ഘട്ടം വരുന്നതോടെ, ബാങ്കിന്റെ പ്രവൃത്തി സമയത്ത് എപ്പോൾ ചെക്ക് നൽകിയാലും വെറും മൂന്ന് മണിക്കൂറിനുള്ളിൽ പണം അക്കൗണ്ടിൽ ക്രെഡിറ്റ് ആകും. ഉദാഹരണത്തിന്, രാവിലെ 10 മണിക്ക് ചെക്ക് നൽകിയാൽ ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപായി ബാങ്കുകൾ അത് ക്ലിയർ ചെയ്യേണ്ടി വരും. ഇതോടെ, ചെക്ക് ഇടപാടുകളിലെ കാലതാമസം എന്ന പ്രശ്നം പൂർണ്ണമായും ഇല്ലാതാകും.