ബീജിംഗ്: പതിനേഴാം വയസ്സിൽ ഒരു ഐഫോണിനും ഐപാഡിനും വേണ്ടി സ്വന്തം കിഡ്നി വിറ്റ യുവാവിന്റെ ജീവിതം ഇന്ന് കണ്ണീർക്കഥയാണ്. ചൈന സ്വദേശിയായ വാങ് ഷാങ്കുൻ ആണ് ആഗ്രഹങ്ങൾക്ക് പുറകെ പോയി ജീവിതം ഹോമിച്ചത്.
കൗമാരക്കാരനായിരുന്ന വാങ്ങിന് ഐഫോൺ 4 സ്വന്തമാക്കാൻ മോഹം കലശലായി. എന്നാൽ സാധാരണ കുടുംബത്തിലെ അംഗമായ അവന് അത് അപ്രാപ്യമായിരുന്നു. തുടർന്നാണ് പണത്തിനായി കിഡ്നി വിൽക്കാമെന്ന അപകടകരമായ ചിന്തയിലേക്ക് എത്തിയത്. ഓൺലൈൻ വഴി പരിചയപ്പെട്ട അവയവക്കടത്ത് സംഘത്തിന്റെ വാക്ക് വിശ്വസിച്ച്, വൃത്തിഹീനമായ സാഹചര്യത്തിലുള്ള ഒരു ക്ലിനിക്കിൽ വെച്ച് അവൻ ശസ്ത്രക്രിയക്ക് നിന്നു കൊടുത്തു.
കിഡ്നി വിറ്റ് കിട്ടിയ പണം കൊണ്ട് ഐഫോണും ഐപാഡും വാങ്ങി അവൻ വീട്ടിലെത്തി. പക്ഷെ ആ സന്തോഷം അധികനാൾ നീണ്ടുനിന്നില്ല. ശസ്ത്രക്രിയയിലെ അണുബാധ അവന്റെ ശേഷിച്ച കിഡ്നിയെയും പതിയെ കാർന്നുതിന്നാൻ തുടങ്ങി.
ഇന്ന് 31-ാം വയസ്സിൽ, ഡയാലിസിസ് സഹായത്തോടെയാണ് വാങ് ജീവൻ മുന്നോട്ട് കൊണ്ടുപോകുന്നത്. ആഡംബര വസ്തുക്കൾക്ക് വേണ്ടി യുവാക്കൾ എടുക്കുന്ന എടുത്തുചാട്ടങ്ങൾ എത്ര വലിയ ദുരന്തമാണ് വിളിച്ചുവരുത്തുക എന്നതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് വാങ്. തനിക്ക് പറ്റിയ തെറ്റ് മറ്റാർക്കും സംഭവിക്കരുതെന്നും, നിമിഷനേരത്തെ ആഗ്രഹങ്ങൾക്ക് വേണ്ടി ജീവിതം കളയരുതെന്നും വാങ് ഇന്ന് ലോകത്തോട് പറയുന്നു.