Reliance Enters Bottled Water Market with "SURE", Priced Lower Than Bisleri and Kinley
ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്എംസിജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (RCPL) കുപ്പിവെള്ള വിപണിയിലേക്ക് ചുവടുവെച്ചു. നിലവിൽ വിപണിയിലുള്ള ബിസ്ലരി, കിൻലി തുടങ്ങിയ ബ്രാൻഡുകളേക്കാൾ വളരെ കുറഞ്ഞ വിലയിൽ “ഷുവർ” (SURE) എന്ന പേരിൽ മിനറൽ വാട്ടർ കമ്പനി പുറത്തിറക്കി.
വിപണിയിലെ പ്രമുഖ ബ്രാൻഡുകളേക്കാൾ 20-30% വരെ വിലക്കുറവിൽ, ഉയർന്ന നിലവാരമുള്ളതും ബജറ്റ് സൗഹൃദപരവുമായ ഒരു ഓപ്ഷനാണ് ‘ഷുവർ’ മുന്നോട്ട് വെക്കുന്നത്. ക്യാമ്പ കോള പോലുള്ള പാനീയങ്ങൾക്ക് പുറമെ, ദൈനംദിന ആവശ്യകതയുള്ള ഉൽപ്പന്നങ്ങളിലേക്കും തങ്ങളുടെ വിപണി വ്യാപിപ്പിക്കാനുള്ള റിലയൻസിന്റെ തന്ത്രപരമായ നീക്കമാണിത്. അതിവേഗം വളരുന്ന 30,000 കോടി രൂപയുടെ പാക്കേജ്ഡ് വാട്ടർ വിപണിയാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഷുവർ വാട്ടറിന്റെ വില ഇങ്ങനെ
‘ഷുവർ’ ബ്രാൻഡിന്റെ 250 മില്ലിലിറ്റർ കുപ്പിവെള്ളത്തിന് 5 രൂപയാണ് വില. ഒരു ലിറ്റർ കുപ്പിയുടെ വില 15 രൂപയാണ്. അതേസമയം, ബിസ്ലരി, കൊക്കകോളയുടെ കിൻലി, പെപ്സികോയുടെ അക്വാഫിന എന്നിവയുടെ ഒരു ലിറ്റർ കുപ്പിക്ക് 20 രൂപയാണ് വില.
ഷുവറിന്റെ രണ്ട് ലിറ്റർ പാക്കിന് 25 രൂപയാണ് വില, എതിരാളികളുടെ പാക്കിന് 30-35 രൂപ വരെ വിലയുണ്ട്. വടക്കേ ഇന്ത്യൻ വിപണികളിലാണ് ഷുവർ ആദ്യ ഘട്ടത്തിൽ ലഭ്യമാകുക.
റിലയൻസിന്റെ അടുത്ത പദ്ധതി
പുതിയ ബ്രാൻഡിന്റെ വിതരണത്തിനായി രാജ്യത്തെ ഡസൻ കണക്കിന് പ്രാദേശിക നിർമ്മാതാക്കളുമായി സഹകരിക്കാൻ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് പദ്ധതിയിടുന്നു. കുപ്പിവെള്ള വിതരണം, സാങ്കേതികവിദ്യ, ബ്രാൻഡിംഗ് തുടങ്ങിയ കാര്യങ്ങളിലായിരിക്കും ഈ സഹകരണമെന്നും പങ്കാളിത്തമുള്ള കമ്പനികളെ ഏറ്റെടുക്കാൻ നിലവിൽ പദ്ധതിയൊന്നുമില്ലെന്നും റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ഡയറക്ടർ ടി. കൃഷ്ണകുമാർ പറഞ്ഞു.
‘ഷുവർ’ ബ്രാൻഡിന് പുറമെ, ‘ഇൻഡിപെൻഡൻസ്’ എന്ന പേരിൽ മറ്റൊരു പ്രീമിയം പാക്കേജ്ഡ് വാട്ടർ ബ്രാൻഡും റിലയൻസ് വിൽക്കുന്നുണ്ട്. സെപ്റ്റംബർ 22-ന് സർക്കാർ നടപ്പിലാക്കിയ ജിഎസ്ടി പരിഷ്കരണത്തിന്റെ പശ്ചാത്തലത്തിലാണ് ഷുവറിന്റെ ലോഞ്ച്. ഈ പരിഷ്കരണത്തിലൂടെ പാക്കേജ്ഡ് വെള്ളത്തിന്റെ ജിഎസ്ടി 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചിരുന്നു. ഇതിന്റെ പ്രയോജനം ഉപഭോക്താക്കൾക്ക് കൈമാറാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്.