How the Wealthy Use Farmhouses and Weddings for Tax Savings in India
ഇന്ത്യയിലെ ഫാംഹൗസുകൾ വെറും വാരാന്ത്യ ആഘോഷങ്ങൾക്ക് മാത്രമുള്ളതല്ല, മറിച്ച് വലിയ പണക്കാർക്ക് നിയമപരമായി നികുതി വെട്ടിക്കാൻ സഹായിക്കുന്ന തന്ത്രപരമായ വഴികൂടിയാണ്! ഒരു പുതിയ പഠനമാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സ്റ്റാർട്ടപ്പ് സ്ഥാപകയും ചാർട്ടേഡ് അക്കൗണ്ടന്റുമായ മീനൽ ഗോയൽ, ഒരു ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെ ഈ തട്ടിപ്പ് രീതികൾ വിശദീകരിക്കുകയായിരുന്നു.
“ഫാംഹൗസുകൾ വെറും ആഘോഷങ്ങൾക്ക് മാത്രമുള്ളതാണെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ, അത് തെറ്റി,” അവർ കുറിച്ചു. ഇന്ത്യയുടെ നികുതി നിയമങ്ങളിലെ ചില പഴുതുകൾ ഉപയോഗിച്ച് അതിസമ്പന്നർ എങ്ങനെയാണ് ഫാംഹൗസുകളും കൃഷിഭൂമിയും തങ്ങളുടെ നികുതി ബാധ്യത കുറയ്ക്കാൻ ഉപയോഗിക്കുന്നതെന്ന് മീനൽ ഗോയൽ വ്യക്തമാക്കുന്നു.
നികുതി ലാഭിക്കാനുള്ള ചില വഴികൾ അവർ ചൂണ്ടിക്കാട്ടി:
- കാർഷിക വരുമാനത്തിന് നികുതിയില്ല: കൃഷിയിൽ നിന്ന് വരുമാനം ലഭിച്ചാൽ അതിന് ആദായനികുതി നൽകേണ്ടതില്ല.
- കുറഞ്ഞ GST: മിക്ക കാർഷിക ഉൽപ്പന്നങ്ങൾക്കും 0-5% മാത്രം GST ഉള്ളതുകൊണ്ട് അതും ഒരു ലാഭമാണ്.
- വില്പനയിലെ ലാഭത്തിന് ഇളവ്: ഒരു ഭൂമി വിറ്റ ശേഷം ആ പണം കാർഷിക ഭൂമിയിൽ വീണ്ടും നിക്ഷേപിക്കുകയാണെങ്കിൽ, സെക്ഷൻ 54B പ്രകാരം നികുതി ഇളവ് ലഭിക്കും.
- കുറഞ്ഞ സ്റ്റാമ്പ് ഡ്യൂട്ടി: പല സംസ്ഥാനങ്ങളിലും കൃഷിഭൂമിക്ക് സ്റ്റാമ്പ് ഡ്യൂട്ടി നിരക്ക് സാധാരണ ഭൂമിയേക്കാൾ കുറവാണ്.
ഇതൊന്നും മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണെന്നും, ഇന്ത്യയിലെ സമ്പന്നർ ഈ നിയമങ്ങൾ തങ്ങൾക്ക് അനുകൂലമായി ഉപയോഗിക്കുന്നതിൽ അതിവിദഗ്ദ്ധരാണെന്നും ഗോയൽ മുന്നറിയിപ്പ് നൽകി.
“ഒരു സാധാരണക്കാരൻ തൻ്റെ കഷ്ടപ്പെട്ട് സമ്പാദിച്ച വരുമാനത്തിന്റെ 30% എല്ലാ വർഷവും നികുതിയായി സർക്കാരിന് നൽകുന്നു. എന്നാൽ കോടികൾ വരുമാനം നേടുന്ന അതേ വലിയ പണക്കാർക്ക് ഒരു രൂപ പോലും നികുതിയായി നൽകേണ്ടി വരുന്നില്ല,” അവർ ഒരു യൂട്യൂബ് വീഡിയോയിൽ പറഞ്ഞു.
ഇന്ത്യയിൽ കാർഷിക വരുമാനം നികുതി രഹിതമാണ്. അതായത്, കാർഷിക ഉൽപ്പന്നങ്ങൾ വിറ്റോ കൃഷിഭൂമി വാടകയ്ക്ക് നൽകിയോ പണം ലഭിച്ചാൽ അതിന് നികുതി നൽകേണ്ടതില്ല. ഈ പഴുത് പണക്കാർക്ക് നന്നായി അറിയാം. അതുകൊണ്ടാണ് നോയിഡ, ഗുരുഗ്രാം, ഹൈദരാബാദ് പോലുള്ള സ്ഥലങ്ങളിൽ നിരവധി പണക്കാർ ഫാംഹൗസുകൾ വാങ്ങുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
“ലോകത്തിലെ ഏറ്റവും വലിയ ധനികർ പോലും സ്വന്തം പേരിൽ സ്വത്ത് സൂക്ഷിക്കുന്നില്ല, കാരണം അവർ അത്ര നിഷ്കളങ്കരല്ല,” ഗോയൽ പറഞ്ഞു.
പണക്കാർ ആദ്യം ഒരു കമ്പനിയോ ട്രസ്റ്റോ പോലുള്ള സ്ഥാപനങ്ങൾ തുടങ്ങുന്നു. എന്നിട്ട് ആ സ്ഥാപനത്തിന്റെ പേരിൽ സ്വത്ത് വാങ്ങുന്നു. ഇത് നികുതിയിളവുകൾ ലഭിക്കാനും, കടക്കാരിൽ നിന്ന് സ്വത്തുക്കൾ സംരക്ഷിക്കാനും സഹായിക്കുന്നു. വിവാഹമോചനം പോലുള്ള സാഹചര്യങ്ങളിൽ, സ്വത്ത് നിയമപരമായി അവരുടെ പേരിലല്ലാത്തതുകൊണ്ട് അവരുടെ ആസ്തികൾക്ക് യാതൊരു പ്രശ്നവുമുണ്ടാകില്ല.
ആദായനികുതി നിയമപ്രകാരം, വിവാഹ സമയത്ത് വധൂവരന്മാർക്ക് ലഭിക്കുന്ന സമ്മാനങ്ങൾക്ക് നികുതിയില്ലെന്നും അവർ ഓർമ്മിപ്പിച്ചു. “അതുകൊണ്ട്, ഇന്ത്യൻ വിവാഹങ്ങൾ പണക്കാർക്ക് തങ്ങളുടെ കള്ളപ്പണം യാതൊരു നികുതിയും നൽകാതെ വെളുപ്പിക്കാനുള്ള ഒരു മികച്ച അവസരമാണ്,” മീനൽ ഗോയൽ വ്യക്തമാക്കി.