IRDAI's Bima Sugam: Digital Push for 'Insurance for All by 2047
ഹൈദരാബാദ്: 2047-ഓടെ എല്ലാവർക്കും ഇൻഷുറൻസ് എന്ന ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ ഒരു സുപ്രധാന ചുവടുവെപ്പായി, ബിമ സുഗം ഇന്ത്യ ഫെഡറേഷൻ്റെ (BSIF) ഔദ്യോഗിക വെബ്സൈറ്റ് ഇൻഷുറൻസ് റെഗുലേറ്ററി ഡെവലപ്മെൻ്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI) ചെയർമാൻ അജയ് സേത്ത് സെപ്റ്റംബർ 17 ബുധനാഴ്ച ഉദ്ഘാടനം ചെയ്തു. രാജ്യത്തിൻ്റെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ (DPI) ഇൻഷുറൻസ് മേഖലയിലും യാഥാർത്ഥ്യമാക്കുന്നതിനുള്ള ആദ്യ പടിയായാണ് ബിമ സുഗമിനെ വിശേഷിപ്പിക്കുന്നത്. പ്രധാനമന്ത്രിയുടെ വികസിത് ഭാരത് 2047 എന്ന ദൗത്യത്തിനും ഇത് കരുത്ത് പകരുമെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.
‘ഇൻഷുറൻസ് മേഖലയിലെ സുപ്രധാന കാൽവെപ്പ്’: അജയ് സേത്ത്
ബിമ സുഗം ഇൻഷുറൻസ് മേഖലയിലെ ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ നിർമ്മിക്കുന്നതിനുള്ള ഒരു “നിർണ്ണായക ചുവടുവെപ്പാണ്” എന്ന് IRDAI ചെയർമാൻ അജയ് സേത്ത് പ്രസ്താവനയിൽ പറഞ്ഞു. ഈ സംരംഭം പോളിസി ഉടമകളെ കൂടുതൽ ശക്തരാക്കുകയും, ഇൻഷുറൻസ് സേവനങ്ങൾ സാധാരണക്കാരിലേക്ക് എത്തുന്നത് വർദ്ധിപ്പിക്കുകയും, ഇൻഷുറൻസ് രംഗത്ത് സുതാര്യതയും നീതിയും ഉറപ്പാക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഇന്ന് വെബ്സൈറ്റ് പുറത്തിറക്കുന്നത് ഒരു പ്രധാന നാഴികക്കല്ലാണ്. വ്യവസായത്തിലെ എല്ലാവരുടെയും കൂട്ടായ പ്രതിബദ്ധതയോടെ ‘2047-ഓടെ എല്ലാവർക്കും ഇൻഷുറൻസ്’ എന്ന ലക്ഷ്യം – പ്രധാനമന്ത്രിയുടെ വികസിത് ഭാരത് 2047 ദൗത്യത്തിന്റെ ഭാഗമായി – യാഥാർത്ഥ്യമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്,” അദ്ദേഹം പറഞ്ഞു.
ഹൈദരാബാദിലെ IRDAI ആസ്ഥാനത്ത് നടന്ന വെബ്സൈറ്റ് ലോഞ്ചിംഗ് ചടങ്ങിൽ ഇൻഷുറൻസ് വ്യവസായത്തിലെ പ്രമുഖ സിഇഒമാരും, IRDAI-ലെ മുതിർന്ന ഉദ്യോഗസ്ഥരും, ബിമ സുഗം നേതൃത്വത്തിലുള്ളവരും പങ്കെടുത്തു.
എന്താണ് ബിമ സുഗം? അറിയേണ്ട കാര്യങ്ങൾ:
- എല്ലാ ഇൻഷുറൻസ് സേവനങ്ങളെയും ഒറ്റ പ്ലാറ്റ്ഫോമിൽ എത്തിക്കാൻ രൂപകൽപ്പന ചെയ്ത ഒരു ഡിജിറ്റൽ സംവിധാനമാണ് ബിമ സുഗം.
- വ്യത്യസ്ത കമ്പനികൾ നൽകുന്ന ലൈഫ്, ഹെൽത്ത്, ജനറൽ ഇൻഷുറൻസ് പ്ലാനുകൾ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും താരതമ്യം ചെയ്യാനും ഉപയോക്താക്കളെ ഇത് സഹായിക്കും.
- പോളിസി തിരഞ്ഞെടുക്കുന്നത് മുതൽ വാങ്ങൽ, ക്ലെയിം സെറ്റിൽമെൻ്റ്, പുതുക്കൽ എന്നിവയെല്ലാം പൂർണ്ണമായും പേപ്പർ രഹിതമായി, പോളിസി നമ്പർ മാത്രം ഉപയോഗിച്ച് ലളിതമാക്കുകയാണ് ഈ പ്ലാറ്റ്ഫോമിന്റെ ലക്ഷ്യം.
- ഒരു റിപ്പോർട്ട് അനുസരിച്ച്, വെബ്സൈറ്റ് 2025 ഡിസംബറിൽ പൂർണ്ണമായി പ്രവർത്തനക്ഷമമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
- ലൈഫ് ഇൻഷുറൻസ് കൗൺസിലിൻ്റെയും ജനറൽ ഇൻഷുറൻസ് കൗൺസിലിൻ്റെയും പിന്തുണയോടെ, എല്ലാ ഇൻഷുറൻസ് പോളിസികളും താരതമ്യം ചെയ്യാനും വാങ്ങാനുമുള്ള ‘ഒറ്റത്തവണ പരിഹാര’മായാണ് BSIF പ്രവർത്തിക്കുക.
- പോളിസി പുതുക്കുന്നതും ക്ലെയിം സെറ്റിൽമെൻ്റ് ചെയ്യുന്നതും BSFI വെബ്സൈറ്റ് വഴി സാധ്യമാവുമെന്നും സൂചനകളുണ്ട്.