ഇസ്രായേൽ ഡ്രോൺ ആക്രമണം, പിന്നാലെ ഹൂതികൾ കപ്പൽ റാഞ്ചി; പാക് പൗരന്മാരുൾപ്പെടെ 27 പേരെ മോചിപ്പിച്ചു
ഇസ്ലാമാബാദ്: ചെങ്കടലിൽ വീണ്ടും സംഘർഷം. പാകിസ്ഥാൻ പൗരന്മാരുൾപ്പെടെ 27 ജീവനക്കാരുമായി സഞ്ചരിക്കുകയായിരുന്ന എൽപിജി ടാങ്കർ കപ്പലിന് നേരെ ഇസ്രായേൽ ഡ്രോൺ ആക്രമണം. ഇതിന് പിന്നാലെ യെമനിലെ ഹൂതി വിമതർ കപ്പൽ പിടിച്ചെടുക്കുകയും ജീവനക്കാരെ ബന്ദികളാക്കുകയും ചെയ്തു. എന്നാൽ, നയതന്ത്ര ഇടപെടലുകളെ തുടർന്ന് കപ്പലും മുഴുവൻ ജീവനക്കാരും ഇപ്പോൾ മോചിപ്പിക്കപ്പെട്ടതായി പാകിസ്ഥാൻ ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്വി സ്ഥിരീകരിച്ചു.
സെപ്റ്റംബർ 17-ന് യെമനിലെ റാസ് ഇസ്സ തുറമുഖത്ത് നങ്കൂരമിട്ടിരിക്കുമ്പോഴായിരുന്നു സംഭവം.
ഇസ്രായേലിന്റെ ഡ്രോൺ ആക്രമണത്തിൽ കപ്പലിലെ ഒരു എൽപിജി ടാങ്കിന് തീപിടിച്ചെങ്കിലും, ജീവനക്കാർ സമയോചിതമായി ഇടപെട്ട് തീ അണയ്ക്കുകയായിരുന്നു. എന്നാൽ, ഇതിന് തൊട്ടുപിന്നാലെ ഹൂതി വിമതരുടെ ബോട്ടുകൾ കപ്പലിനെ വളയുകയും ജീവനക്കാരെ ബന്ദികളാക്കി കപ്പൽ പിടിച്ചെടുക്കുകയുമായിരുന്നുവെന്ന് പാക് ആഭ്യന്തര മന്ത്രി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
“കപ്പലും അതിലെ ജീവനക്കാരും ഇപ്പോൾ ഹൂതികളുടെ പിടിയിൽ നിന്ന് മോചിതരായി യെമൻ തീരം വിട്ടിരിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
24 പാകിസ്ഥാൻ പൗരന്മാർക്ക് പുറമെ, രണ്ട് ശ്രീലങ്കൻ പൗരന്മാരും ഒരു നേപ്പാൾ പൗരനുമാണ് കപ്പലിലുണ്ടായിരുന്നത്.
ഗസ്സയിലെ സംഘർഷം ആരംഭിച്ചതുമുതൽ, പലസ്തീനികളെ പിന്തുണച്ച് ഇസ്രായേലിന് നേരെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തുന്ന ഇറാൻ പിന്തുണയുള്ള ഹൂതികൾക്കെതിരെ ഇസ്രായേൽ തുടർച്ചയായി ആക്രമണങ്ങൾ നടത്തുന്നുണ്ട്. ചെങ്കടലിലെ ഈ സംഭവം മേഖലയിലെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാക്കുന്നതാണ്.