GST Rate Cut Benefits Withheld: Govt Receives 3,000 Consumer Complaints
ജിഎസ്ടി ഇളവ് നൽകാതെ തട്ടിപ്പ്: സർക്കാരിലേക്ക് ഒഴുകിയെത്തിയത് 3000 പരാതികൾ; നിരീക്ഷണം ശക്തമാക്കി
ന്യൂഡൽഹി: രാജ്യത്ത് ജിഎസ്ടി നിരക്കുകൾ കുറച്ചിട്ടും അതിന്റെ പ്രയോജനം ജനങ്ങളിലേക്ക് എത്തുന്നില്ലെന്ന പരാതി വ്യാപകം. നികുതിയിളവ് നടപ്പാക്കിയതിന് ശേഷം ദേശീയ ഉപഭോക്തൃ ഹെൽപ്പ്ലൈൻ (NCH) വഴി സർക്കാരിന് ഇതുവരെ ലഭിച്ചത് 3000 പരാതികളാണെന്ന് ഉപഭോക്തൃകാര്യ സെക്രട്ടറി നിധി ഖാരെ അറിയിച്ചു.
തെറ്റിദ്ധരിപ്പിക്കുന്ന ഡിസ്കൗണ്ടുകൾ നൽകി ഉപഭോക്താക്കളെ വഞ്ചിക്കുന്നതായും ജിഎസ്ടി ഇളവ് നൽകാതിരിക്കാൻ വ്യാപാരികൾ ശ്രമിക്കുന്നതായുമാണ് പ്രധാന പരാതികൾ.
“ജിഎസ്ടി നിരക്ക് കുറച്ചതിന്റെ ആനുകൂല്യം നൽകാതിരിക്കാൻ വ്യാജ ഡിസ്കൗണ്ടുകൾ പോലുള്ള തട്ടിപ്പുകൾ നടത്തുന്ന സ്ഥാപനങ്ങളെ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന്,” നിധി ഖാരെ ഡൽഹിയിൽ ഒരു പരിപാടിക്കിടെ മാധ്യമങ്ങളോട് പറഞ്ഞു.
ലഭിച്ച പരാതികൾ തുടർനടപടികൾക്കായി സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസിന് (സിബിഐസി) കൈമാറിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
വിവിധ മേഖലകളിൽ നിന്നുള്ള പരാതികളെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കാനും തട്ടിപ്പുകൾ വേഗത്തിൽ കണ്ടെത്താനും നിർമ്മിത ബുദ്ധി (Artificial Intelligence), ചാറ്റ്ബോട്ട് തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ ഉപയോഗിക്കുമെന്നും സെക്രട്ടറി കൂട്ടിച്ചേർത്തു.
രാജ്യത്ത് ജിഎസ്ടി നിരക്കുകൾ കുറയ്ക്കുമ്പോൾ പലപ്പോഴും അതിന്റെ പൂർണ്ണമായ പ്രയോജനം വ്യാപാരികൾ ഉപഭോക്താക്കൾക്ക് നൽകാത്ത സാഹചര്യത്തിലാണ് സർക്കാർ നിരീക്ഷണ സംവിധാനങ്ങൾ ശക്തമാക്കുന്നത്. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ കൂടുതൽ കർശനമായ നടപടികൾ ഉണ്ടായേക്കുമെന്നാണ് സൂചന.