Beyond Smoking: 5 Everyday Habits That Are Silently Damaging Your Lungs
പുകവലി മാത്രമല്ല, ഈ ശീലങ്ങളും നിങ്ങളുടെ ശ്വാസകോശത്തെ നശിപ്പിക്കും!
സിഗരറ്റ് വലിയും പുകവലിയും ശ്വാസകോശത്തിന് എത്രത്തോളം ദോഷകരമാണെന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ, പുകവലി മാത്രമല്ല മറ്റ് ചില ദൈനംദിന ശീലങ്ങളും നമ്മുടെ ശ്വാസകോശത്തിന്റെ ആരോഗ്യത്തെ നിശ്ശബ്ദമായി കാർന്നുതിന്നുന്നുണ്ട്. ശ്വാസകോശത്തിന്റെ ആരോഗ്യം അപകടത്തിലാക്കുന്ന അത്തരം ചില ശീലങ്ങളെക്കുറിച്ചറിയാം.
1. വായു മലിനീകരണം
വായു മലിനീകരണം നമ്മുടെ ശ്വാസകോശത്തിന് കനത്ത നാശനഷ്ടമുണ്ടാക്കും. മലിനമായ അന്തരീക്ഷത്തിൽ ജീവിക്കുന്നതും വിഷവായു ശ്വസിക്കുന്നതും ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (COPD), ആസ്ത്മ, ശ്വാസകോശ അർബുദം തുടങ്ങിയ മാരക രോഗങ്ങൾക്ക് കാരണമാകും.
2. ദീർഘനേരമുള്ള ഇരിപ്പ്
സ്ഥിരമായി ഒരേ സ്ഥലത്ത് ചലനമില്ലാതെ ഇരിക്കുന്നത് ശരീരത്തിലെ പേശികളെ ദുർബലമാക്കും. ശ്വാസമെടുക്കാൻ സഹായിക്കുന്ന പേശികളും ഇക്കൂട്ടത്തിൽപ്പെടും. ഇത് ശ്വാസകോശത്തിന്റെ ശേഷി കുറയ്ക്കുകയും ശ്വാസമെടുക്കാൻ പ്രയാസമുണ്ടാക്കുകയും ചെറിയ ജോലികൾ ചെയ്യുമ്പോൾ പോലും ക്ഷീണം അനുഭവപ്പെടാൻ കാരണമാകുകയും ചെയ്യും. ശ്വാസകോശത്തിലെ അണുബാധ, COPD എന്നിവയ്ക്കുള്ള സാധ്യതയും ഇത് വർദ്ധിപ്പിക്കുന്നു.
3. തൊഴിൽപരമായ അപകടങ്ങൾ
ഖനനം, കെട്ടിട നിർമ്മാണം തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ശ്വാസകോശ രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. അപകടകരമായ പുക, പൊടി, രാസവസ്തുക്കൾ എന്നിവ സ്ഥിരമായി ശ്വസിക്കേണ്ടി വരുന്നതാണ് ഇതിന് കാരണം. കൽക്കരി, സിലിക്ക പോലുള്ള സൂക്ഷ്മകണങ്ങൾ ശ്വാസകോശത്തിൽ അടിഞ്ഞുകൂടി ന്യൂമോകോണിയോസിസ് (pneumoconiosis) പോലുള്ള രോഗങ്ങൾക്ക് ഇത് വഴിവെക്കും.
4. അമിതമായ മദ്യപാനം
അമിതമായി മദ്യം കഴിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തും. ഇത് ശ്വാസകോശത്തിന്റെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കും. രോഗപ്രതിരോധ ശേഷി കുറയുന്നത് ശ്വാസകോശത്തിൽ അണുബാധയുണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
5. അനാരോഗ്യകരമായ ഭക്ഷണക്രമം
ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് ശരിയായ ഭക്ഷണം അത്യാവശ്യമാണ്. ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, നല്ല കൊഴുപ്പുകൾ, പ്രോട്ടീൻ എന്നിവ ശ്വാസകോശത്തെ സംരക്ഷിക്കും. അതേസമയം, സംസ്കരിച്ച ഭക്ഷണങ്ങൾ (Processed food), വറുത്തതും പൊരിച്ചതുമായവ, ഉപ്പും പഞ്ചസാരയും കൂടിയ ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക. ആരോഗ്യകരമായ ശ്വാസകോശത്തിനായി ദിവസവും 6 മുതൽ 8 ഗ്ലാസ് വരെ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്.
6. ശരിയായ ഇരിപ്പും ശ്വാസവും
ഇരിക്കുന്ന രീതിയും ശ്വാസകോശത്തിന്റെ ആരോഗ്യത്തെ സ്വാധീനിക്കും. കൂനിയിരിക്കുന്നത് ശ്വാസകോശത്തിന് പൂർണ്ണമായി വികസിക്കാൻ തടസ്സമുണ്ടാക്കും. എപ്പോഴും നിവർന്നിരിക്കാനും ദീർഘമായി ശ്വാസമെടുക്കാനും ശ്രമിക്കുക. ഇത് ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തും.